Written by *ഗുരുവരം തേടി ഒരു തീർത്ഥയാത്ര*

Spread the love

പരബ്രഹ്മപ്പൊരുളുതേടി ജിജ്ഞാസാതീരത്തിലൂടെ ഏകാന്ത യാത്രയിലാണ് ഭരതൻ.ശാന്തി മന്ത്രങ്ങൾ ഉരുക്കഴിച്ച് പ്രകൃതിയുടെ മായാവിലാസങ്ങളിൽ ഇഴുകിച്ചേർന്ന്, ധർമ്മപുരിയുടെ തീരത്തൂടെയുള്ള പദയാത്രയിൽ ത്യാഗത്തിൻ്റെ വിയർപ്പുകണങ്ങൾ അടർന്നുവീണു കൊണ്ടേയിരുന്നു. ഇവിടെയാണ് സ്വാമിനി വിലാസിനി മാതാജിയുടെ “നിർമ്മാല്യം” എന്ന ആശ്രമം സ്ഥിതി ചെയ്യുന്നത്.

പടർന്നു പന്തലിച്ച മരമുത്തശ്ശികൾ നിത്യഫലങ്ങളേകുന്ന പുണ്യാശ്രമത്തിൻ്റെ തിരുമുറ്റത്ത് നടവഴി അവസാനിക്കുമ്പോൾ പേരാറിൻ്റെ വശ്യമായ ദൃശ്യചാരുതയും, അവിടെ തളം കെട്ടുന്ന നോവിൻ്റെ ഗദ്ഗദങ്ങളും. പേരാറ്റിൻ തീരത്തെ മണൽത്തിട്ടകളിലെ മൈലാഞ്ചിച്ചെടികളെ ഇളക്കിക്കടന്നു പോയ കാറ്റിനും പറയാനുള്ളത് പരിഭവത്തിൻ്റെ കഥകൾ .മാലിന്യക്കൂമ്പാരങ്ങളെ വാരിയെറിഞ്ഞ് മണ്ണിനെ വീർപ്പുമുട്ടിച്ച് മനോനില തെറ്റിക്കുന്ന മനുഷ്യപുത്രരുടെ കർമ്മകളങ്കങ്ങളുടെ കഥകൾ.

ചരൽ വിരിച്ച മുറ്റത്തിൻ്റെ കോണിലെ ചിറയിൽ കൈകാൽ മുഖം കഴുകി, തോളിൽനിന്നൂർന്നിറങ്ങിയ തുണി സഞ്ചി യഥാസ്ഥാനത്ത് പ്രതിഷ്ഠിച്ച് കവാടത്തിൻ്റെ പടി ചവിട്ടുമ്പോൾ അപരിചിതത്വത്തിൻ്റെ തെല്ലു ഭാവം പോലും ഭരതനെ തൊട്ടു തീണ്ടിയില്ല. സദാ പുഞ്ചിരി തൂകുന്ന വദനവുമായി പർണ്ണശാലക്കകം പൂകുമ്പോൾ സർവ്വാദരങ്ങളോടെ കൈകൂപ്പി ആതിഥേയ സൽക്കാരവുമായി മുന്നിൽ സ്വാമിനി വിലാസിനിമാ താജി .ശ്രീ നാരായണ ഗുരുദേവൻ്റെ പൂർണ്ണകായ പ്രതിഷ്ഠയിൽ കർപ്പൂരം കത്തിച്ച് ആരതി ഉഴിഞ്ഞുള്ള അതിഥി സൽക്കാരത്തിന് ശേഷം സംശയനിവാരണങ്ങൾക്കായി ഭരതൻ തൻ്റെ അന്വേഷണങ്ങളുടെ കെട്ടഴിച്ചു.നാരായണ ഗുരുവിൻ്റെ വചനങ്ങൾ നെഞ്ചിലേറ്റുന്ന വിലാസിനിയമ്മ തൻ്റെ രഥയാത്രയിൽ, ഗുരുവിൻ്റെ തത്വങ്ങളെ പ്രായോഗികതലത്തിലേക്ക് ഉയർത്തുകയായിരുന്നു.

കാർഷിക വൃത്തിയിൽ കാൽച്ചിലമ്പിട്ട വിലാസിനിയമ്മ തൻ്റെ കർമ്മമണ്ഡലങ്ങളിലേക്ക് ഉറ്റുനോക്കുന്നവർക്ക് ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് കൃഷിയുടെ മഹത്വത്തെക്കുറിച്ച് വാചാലയാകും.

ചിതലരിച്ച ചെറ്റയുടെ മുളംപാളികൾ അടർന്നുവീണപ്പോൾ മണ്ണുവാരിപ്പൊത്തിമിനുക്കിയെടുത്ത മൺഭിത്തികൾ നൽകിയ സുരക്ഷയാണ് മണ്ണുമായുള്ള ബന്ധം ദൃഢപ്പെടുത്തയതെന്ന് വിലാസിനിയമ്മയുടെ സാക്ഷ്യം.
കുത്തിയിട്ട വിത്തുകളെല്ലാം പൊട്ടി മുളപ്പിച്ച്, പച്ചപുതപ്പിച്ച്, ചരിതാർത്ഥ്യയായ മണ്ണിൻ്റെ മാറിലേക്ക് കാത്തു വച്ച മഴത്തുള്ളികളുടെ കുളിരലകൾ കുടഞ്ഞൊഴിച്ചപ്പോഴാണ് ആത്മസായുജ്യം മുത്തുവാനായതെന്ന് വിലാസിനിയമ്മ.

അന്നത്തിൻ്റെ അവതാരമൂർത്തിയായ മണ്ണിൽ അണ്ണാനും വണ്ണാത്തിക്കിളിയും എന്നു വേണ്ട സകല ജീവചരാചരങ്ങളും പ്രകൃതിയൊരുക്കിയ സഹയാത്രികരെന്ന് വിലാസിനിയമ്മ.

അധർമ്മത്തിൻ്റെ ചങ്ങലക്കണ്ണികൾ പൊട്ടിച്ചെറിഞ്ഞ് ധർമ്മത്തിൻ്റെ പവിത്രത കാത്തു സൂക്ഷിക്കുവാൻ അരുളിച്ചെയ്ത മഹാഗുരു ശ്രീനാരായണ ഗുരുവിൻ്റെ സന്ദേശങ്ങൾ തൻ്റെ ജീവശക്തിയെന്നും വിലാസിനിയമ്മ.

പ്രപഞ്ച സ്രഷ്ടാവ് സ്നേഹനൂലിൽ കൊരുക്കുന്ന വൈവിധ്യമാർന്ന ജീവജാലങ്ങൾ ഒരു പൂവിൻ്റെ വിദളങ്ങളെന്നും വിലാസിനിയമ്മയുടെ ഭാഷ്യം. തമ്മിലടിക്കുവാനല്ല, വിശുദ്ധ തീരത്ത് ശാന്തി പരിപാലിച്ച് സമാധാനത്തിൻ്റെ നല്ലൊരു നാളെ മക്കൾക്ക് പ്രദാനം ചെയ്യുകയാണ് ലക്ഷ്യമെന്ന് വിലാസിനിയമ്മ.

പ്രകൃതിയുടെ രമണീയതയിൽ മനം കുളിർപ്പിച്ച് കാടിൻ്റ തോട പറിച്ചെടുക്കാതെ, ഹിംസയുടെ നായാട്ടുവേഷം അഴിച്ചുവെച്ച് നേരിൻ്റെ ചന്ദനം ചാർത്തുമ്പോൾ മഹാമാരികളുടെ തുടിമുഴക്കം നിലയ്ക്കുമെന്ന് വിലാസിനിയമ്മ.മോഹങ്ങളുടെ മൊട്ടക്കുന്നുകളേറാൻ തന്ത്രം മെനയാതെ ,തനിമയുടെ താഴ് വാരങ്ങളിൽ പച്ചയൊരുക്കി, ഹർഷ പുഷ്പങ്ങളെ വിരിയിച്ച് താളം പിടിച്ചാൽ, താളം തെറ്റിയ പ്രകൃതിയെ തിരിച്ചുപിടിക്കുവാനും പോയ വസന്തത്തെ മാടിവിളിക്കുവാനും കഴിയുമെന്ന് വിലാസിനിയമ്മ.

തൻ്റെ നിരവധി സംശയങ്ങൾക്ക് അറുതി വരുത്തിയ വിലാസിനി മാതാജിയുടെ പാദങ്ങൾ തൊട്ടു വന്ദിച്ച് പടിയിറങ്ങുമ്പോൾ, ഗുരു ചൈതന്യവും, ഗുരു തത്വങ്ങളും ഭരതൻ നെഞ്ചിലേറ്റിയിരുന്നു.ഗുരുദർശനങ്ങളെ ലോകജനതയിലേക്ക് സന്നിവേശിപ്പിക്കുവാൻ നിയോഗിക്കപ്പെട്ടവനാണ് താൻ എന്ന തിരിച്ചറിവോടെ, തൻ്റെ കർമ്മമണ്ഡലത്തിന് കരുത്തേകുവാൻ ഭരതൻ കാലുകളുടെ വേഗം കൂട്ടി, തിരിഞ്ഞു നോക്കാതെ നടന്നു.

…. :………………..*…………….. …………
ഷാജി P ഗോവിന്ദൻ
Special Correspondent
SN MEDIA NEWS