Written by ലഹരിയുടെ മായാജാലങ്ങൾ

Spread the love

ലഹരിയുടെ മായാജാലങ്ങൾ
…………………… * ……………………

ഭാരത സംസ്ക്കാരത്തിൻ്റെ പൈതൃകം മറന്ന് ആഢംബരത്തിൻ്റെ പളുങ്കുമണികൾക്കായി ഓടിത്തളരുമ്പോൾ തകർന്നു വീഴുന്നത് പലപ്പോഴും കുടുംബങ്ങളുടെ അസ്ഥിവാരങ്ങളാകുന്നു. കുടുംബ ബന്ധങ്ങളുടെ പവിത്രതകളാകുന്നു.
മക്കളെ അറിയുവാനോ, അവരെ കേൾക്കുവാനോ സമയം കണ്ടെത്താതെ, അവർ വേണ്ടുന്ന സ്നേഹമോ കരുതലോ ഒരുക്കാതെ കാലം കഴിക്കുമ്പോൾ, കെട്ടു പൊട്ടിയ പട്ടം പോലെ വഴിതെറ്റിപ്പോകുന്ന ചെറുമക്കൾ. അവരെ കുറ്റം പറയാനാവുമോ ? തെറ്റുപറ്റിയത് അവർക്കോ അതോ നമുക്കോ ?.കുടുംബബന്ധങ്ങളുടെ കെട്ടുറപ്പ് നഷ്ട്ടപ്പെടുമ്പോൾ ഇതര ബന്ധങ്ങളിലേക്ക് കുടിയേറുന്ന മക്കൾ എത്തപ്പെടുന്നത് പലപ്പോഴും ചതിയുടെ മാസ്മരികവലയങ്ങളിലേക്കും .ഒരിയ്ക്കൽ അകപ്പെട്ടാൽ രക്ഷപ്പെടാനാവാത്ത വിധം വരിഞ്ഞുമുറുക്കുന്ന വലകളിൽ കുടുങ്ങി ശ്വാസം മുട്ടി പിടയുമ്പോൾ സ്നേഹം കൊതിച്ച കുടുംബത്തേയും, സമൂഹത്തെയും, തന്നെപ്പോലും വെറുക്കുന്ന അവസ്ഥയിലേക്കവർ അറിയാതെ പതിച്ചു പോകുന്നു.

കലാലയ ചുറ്റുവട്ടങ്ങളിൽ ലഹരികൾ നൃത്തം ചവിട്ടുമ്പോൾ ,ആകൃഷ്ടരായി എത്തി നോക്കുന്ന ബാലകരാണ് ചതിക്കപ്പെടുന്ന ബലിയാടുകൾ.ലക്ഷ്യമെന്തെന്നറിയാതെ ലക്ഷ്മണരേഖ മറികടക്കാൻ തത്രപ്പെടുന്ന കൗമാരങ്ങളുടെ കുതൂഹലങ്ങളെ മുതലെടുക്കുകയാണ് നരാധമൻമാരായ ഇടനിലക്കാർ.ചുറ്റുമുള്ളവർ ആരെന്നോ എന്തെന്നോ അവർക്ക് അറിയേണ്ടതില്ല. അവർക്ക് വേണ്ടത് പണം മാത്രം. അത് എങ്ങനേയും സ്വന്തമാക്കാൻ ഏതു തന്ത്രവും പ്രയോഗിക്കാൻ സദാ ജാഗരൂകരായവർ .

സിനിമാ സീരിയൽ മേഖലകളിലും, ഡി ജെ പാർട്ടികൾ എന്നുവേണ്ട ,സകല മേഖലകളിലും ലഹരി നീന്തുമ്പോൾ ഇതിനെ ഉന്മൂലനം ചെയ്യാൻ ബാധ്യസ്ഥരായ ഉദ്യോഗസ്ഥരിൽ ഒരു വിഭാഗം ഇതിന് കൂട്ടുനിൽക്കുന്നു എന്ന സത്യം ലജ്ജിപ്പിക്കുന്നതാണ്‌. ഇവർക്കെതിരെ ശക്തമായ നടപടികൾ എടുത്താൽ മാത്രമേ മുക്തി നേടാനാവൂ എന്നതാണ് പരമസത്യം .ഇന്നിവിടെ നടക്കുന്ന പല ക്രൂരതകൾക്കും പിന്നിൽ ലഹരിയുടെ മന്ത്രിക ജാലങ്ങളാണെന്ന് വരുമ്പോൾ എങ്ങനെ നമുക്ക് കണ്ണടക്കാനാവും.

മനുഷ്യരുടെ ബോധമണ്ഡലങ്ങളെ മയക്കത്തിലാഴ്ത്താനോ, ഉത്തേജിപ്പിക്കാനോ ശേഷിയുള്ള മാരകമായ ലഹരികൾ പല പേരുകളിൽ, രൂപങ്ങളിൽ സുലഭമായ ഇടമായി കേരളം അധ:പതിക്കുമ്പോൾ അതിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുന്നത് നാം ഓരോരുത്തരുമാണ്. അതു കൊണ്ടു തന്നെ ഇതിനെതിരെ പൊരുതുവാൻ, കേരളം ലഹരിമുക്തമാക്കുവാൻ ജാതി മത രാഷ്ട്രീയ, ലിംഗഭേദങ്ങളില്ലാതെ മാനവമതിലുകൾ തീർത്തേ പറ്റു. ഇന്നത്തെ അശാന്തിയിൽ നിന്നും മുക്തമായി ശാന്തിയുടെ, സമത്വ സാഹോദര്യത്തിൻ്റെ നല്ലൊരു നാളേക്കായി ലഹരിക്കെതിരെ നെഞ്ചിൽ കൈവച്ച് നമുക്കൊത്തു പ്രതിജ്ഞ ചെയ്യാം.
*…… …… *: …… * …………..

ഷാജി പി ഗോവിന്ദൻ
സ്പെഷ്യൽ കറസ്‌പോൺഡന്റ്