കാട്ടാന തുമ്പിക്കൈയില്‍ ചുറ്റി നിലത്തടിച്ചു, കുത്തി; തോട്ടം തൊഴിലാളിക്ക് ഗുരുതരപരുക്ക്

Spread the love

ആര്യങ്കാവ്(കൊല്ലം)∙ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് ഗുരുതരപരുക്ക്. അമ്പനാട് തേയില തോട്ടത്തിലെ സോപാലിനാണ്(44) പരുക്ക്. വ്യാഴാഴ്ച്ച രാവിലെ 9ന് അരണ്ടല്‍ ഡിവിഷനില്‍ പതിനാലാം നമ്പര്‍ ഫീല്‍ഡില്‍ വച്ചാണ് സംഭവം. തോട്ടം തൊഴിലാളികളുടെ ലയങ്ങളിലേക്കുള്ള ശുദ്ധജല പൈപ്പിന്റെ തകരാര്‍ പരിഹരിക്കാന്‍ പോകുമ്പോഴാണ് ആനയുടെ ആക്രമണം ഉണ്ടായത്. ശുദ്ധജല പൈപ്പ് സ്ഥിരം കാട്ടാന തകര്‍ക്കുന്നതോടെ അറ്റകുറ്റപ്പണിക്കായി സോപാല്‍, അലക്സാണ്ടര്‍ എന്നീ തൊഴിലാളികള്‍ പോകുമ്പോള്‍ തേയില തോട്ടത്തിലെ കാട്ടിനുള്ളില്‍ നിന്ന ആന ഇരുവരുടേയും നേര്‍ക്ക് പാഞ്ഞടുക്കുകയായിരുന്നു. ആനയെ കണ്ടതോടെ സോപാലും അലക്സാണ്ടറും രണ്ട് വശത്തേക്ക് ഓടി.

പിന്നാലെ ഓടിയ കാട്ടാന സോപാലിനെ തുമ്പിക്കൈയില്‍ ചുറ്റി നിലത്തടിച്ചു. നിലത്തു വീണ സോപാലിനെ കൊമ്പുകൊണ്ട് കുത്തി. വാരിയെല്ലിന്റെ പിന്‍ ഭാഗത്തു നിന്നും കൊമ്പ് ആഴ്ന്നിറങ്ങി മറുവശത്തെത്തി. കുടൽ പുറത്തു വന്ന നിലയിലായിരുന്നു. അലക്സാണ്ടര്‍ വിവരം അറിയിച്ചതനുസരിച്ച് തൊട്ടടുത്ത് ജോലി നോക്കി വന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ ഓടിയെത്തി സോപാലിനെ റോഡിലെത്തിച്ചു. സമീപത്തുള്ള ജീപ്പില്‍ പാതി വഴി എത്തിപ്പോഴേക്കും 108 ആംബുലന്‍സ് എത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉടന്‍തന്നെ സോപാലിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേനനാക്കി. തുടർ ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *