തിരുവനന്തപുരം കിംസ് ആശുപത്രിയിൽ 12 വയസ്സുകാരിയുടെ മരണം. ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ.

Spread the love

തിരുവനന്തപുരം: 12 വയസുകാരി മകളുടെ വിയോഗം താങ്ങാനാകാതെ സെൽവരാജയും അജിതയും. മകളുടെ ഭാവിക്കും ഡാൻസ് മോഹങ്ങൾക്കും വിള്ളൽ വീഴാതെ ഇരിക്കാൻ നട്ടലിലെ വളവ് മാറ്റാൻ ശസ്ത്രക്രിയക്ക് വിധേയാക്കിയ അനീനയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടിയിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. കുട്ടിയുടെ മരണത്തിൽ ചികിത്സാപിഴവ് ആരോപിച്ച് മാതാപിതാക്കൾ നൽകിയ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കാഞ്ഞിരംകുളം കാക്കാലകാനം ഇലഞ്ഞിനിന്ന പുത്തൻവീട്ടിൽ സെൽവരാജ് അനിത ദമ്പതികളുടെ ഇളയ മകൾ 12 വയസ്സുകാരി അനീന എ.എസ് ആണ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വെള്ളിയാഴ്ച വൈകിട്ട് 3 മണിയോടെ ചികിത്സയിൽ ഇരിക്കെ മരണപ്പെട്ടത്. നെല്ലിമൂട് സെന്റ്. ക്രിസോസ്‌റ്റംസ് കോൺവെന്റിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു അനീന. അനീനയുടെ നട്ടെല്ലിൽ ചെറിയ വളവ് ഉണ്ടായിരുന്നതിനാൽ ആണ് ഭാവിയിൽ ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് മനസ്സിലാക്കിയ വീട്ടുകാർ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ അനീനയെ ചികിത്സയ്ക്ക് വിധേയയാക്കി. ശസ്ത്രക്രിയയിലൂടെ നട്ടെല്ലിലെ വളവ് മാറ്റിയെടുക്കാൻ സാധിക്കും എന്ന് ഡോക്ടർ ഉറപ്പു നൽകിയതോടെ രക്ഷിതാക്കളും ഇതിന് സമ്മതം അറിയിച്ചു. 8 ലക്ഷത്തോളം രൂപയാണ് ശസ്ത്രക്രിയയുടെ ചിലവായി ആശുപത്രി അധികൃതർ അറിയിച്ചത് എന്ന് സെൽവരാജ് പറഞ്ഞു. ഇക്കഴിഞ്ഞ 14ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അനീനയെ ശസ്ത്രക്രിയക്ക് ആയി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. 15ന് 7 മണിയോടെ അനീനയെ ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ചു. 3 മണിയോടെ കഴിയും എന്നാണ് ഡോക്ടർമാർ വീട്ടുകാരോട് അറിയിച്ചിരുന്നത്. ഇതിനുശേഷം മകളുടെ ആരോഗ്യനിലയെ കുറിച്ച് ഒരു മറുപടിയും അധികൃതർ അറിയിച്ചില്ല എന്ന് സെൽവരാജ് ആരോപിക്കുന്നു. ശസ്ത്രക്രിയ നടക്കുന്നതിനിടയിൽ കുട്ടിക്ക് ബിപി കുറഞ്ഞുവെന്നും അതിനാൽ ശസ്ത്രക്രിയ നിർത്തിവച്ചു എന്നും ഇടയ്ക്ക് അമ്മ അനിതയുടെ ഫോണിലേക്ക് ആശുപത്രി അധികൃതർ വിളിച്ചു പറഞ്ഞിരുന്നു. കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഐസിയുവിലേക്ക് മാറ്റിയ ശേഷം കാണിക്കാം എന്നായിരുന്നു ആശുപത്രി അധികൃതർ അറിയിച്ചത്. തുടർന്ന് അനീനയെ ഐസിയുവിലേക്ക് മാറ്റിയത് അറിഞ്ഞ് കാണണമെന്ന് മാതാവ് അനിത ആവശ്യപ്പെട്ടപ്പോൾ വായിലൂടെ ഇട്ടിരുന്ന ട്യൂബ് കുട്ടി കടിച്ചതിനാൽ പൊട്ടിയെന്നും അത് മാറ്റാൻ അനസ്തേഷ്യ നൽകിയിരിക്കുന്നതിനാൽ കുട്ടി സംസാരിക്കില്ല എന്നുമായിരുന്നു ആശുപത്രി അധികൃതർ നൽകിയ മറുപടി. പെട്ടെന്ന് അനിത എ.സി.യുവിന് ഉള്ളിൽ കയറി മകളെ കണ്ട് പുറത്തിറങ്ങി. കുട്ടിയുടെ മയക്കം തെളിഞ്ഞ ശേഷം അറിയിക്കാം എന്നാണ് ആശുപത്രി അധികൃതർ ഇവരോട് പറഞ്ഞത്. എന്നാൽ അടുത്ത ദിവസം മൂന്നുമണിയായിട്ടും കുട്ടിയെ കുറിച്ച് മറ്റ് വിവരങ്ങൾ അറിയാതെ വന്നതോടെ പന്തികേട് തോന്നിയ വീട്ടുകാർ ആശുപത്രിയിൽ ബഹളം വയ്ക്കുകയും തുടർന്ന് ആണ് മാതാപിതാക്കളെ മകൾ മരണപ്പെട്ട വിവരം അറിയിക്കുന്നത്. എന്താണ് സംഭവിച്ചത് എന്ന് രക്ഷിതാക്കൾ ചോദിച്ചെങ്കിലും ആരും മറുപടി പറഞ്ഞില്ല എന്ന് പറയുന്നു. തുടർന്ന് ബഹളം വെച്ചതോടെ ശസ്ത്രക്രിയ നടത്തുന്നതിന് മുന്നോടിയായി ഇത്തരം കോംപ്ലിക്കേഷൻ ഉണ്ടാകും എന്ന് പറഞ്ഞിരുന്നല്ലോ എന്നും നിങ്ങൾ ഒപ്പിട്ടു തന്നെ ശേഷമാണ് ശസ്ത്രക്രിയ നടത്തിയതെന്നും ഡോക്ടർ മറുപടി നൽകിയതായി സെൽവരാജ് പറയുന്നു. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാനാണ് ആശുപത്രി അധികൃതർ പറഞ്ഞത് എന്നും സെൽവരാജ് പറയുന്നു. തൻറെ മകളുടെ മരണത്തിന് കാരണമെന്താണെന്ന് അറിയണമെന്നും അല്ലാതെ മൃതദേഹം കൊണ്ടുപോകില്ല എന്നും സെൽവരാജ് ആശുപത്രി അധികൃതരോട് പറഞ്ഞു. തുടർന്ന് ആശുപത്രിയുടെ ചികിത്സാ പിഴവ് കാട്ടി അനീനയുടെ ബന്ധുക്കൾ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി. ഇതിൻറെ അടിസ്ഥാനത്തിൽ സബ് കളക്ടർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മാർട്ടം നടത്തിയ മൃതദേഹം ശനിയാഴ്ച അടക്കം ചെയ്യതു. ഒരുപക്ഷേ ബി.പി കുറഞ്ഞു എന്ന് പറഞ്ഞ സമയത്ത് തന്നെ മകൾ മരണപ്പെട്ടിട്ടുണ്ടാകുമെന്നും ആശുപത്രി അധികരുടെ ഭാഗത്തുനിന്നുള്ള വീഴ്ച മറയ്ക്കാൻ ശസ്ത്രക്രിയ പൂർത്തിയാക്കിയതെന്നും അനീനയുടെ അച്ഛൻ സെൽവരാജ് ആരോപിക്കുന്നു.

ഹൃദയ സ്തംഭനം ആകാം മരണ കാരണം എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്ന ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുമെന്ന് മെഡിക്കൽ കോളേജ് പൊലീസ് പറഞ്ഞു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *