550 പേരുടെ കൂട്ടനടത്തത്തോടെ വ്യോമയാന സുരക്ഷാ വാരാഘോഷത്തിന് സിയാലിൽ തുടക്കമായി
കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡിൽ (സിയാൽ) വ്യോമയാന സുരക്ഷാ വാരാഘോഷത്തിന് കൂട്ടനടത്തത്തോടെ (വാക്കത്തോൺ) തുടക്കം കുറിച്ചു. 2023 ജൂലൈ 31 മുതൽ ആഗസ്ത് 5 വരെയാണ് ആഘോഷങ്ങൾ. സിയാലിലെയും അനുബന്ധ കമ്പനികളിലേയും ജീവനക്കാർ, സി.ഐ.എസ്.എഫ്, കേരള പോലീസ് ഉദ്യോഗസ്ഥർ, വിവിധ എയർലൈൻ ജീവനക്കാർ, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ജീവനക്കാർ, ഏവിയേഷൻ വിദ്യാർത്ഥികൾ, സ്വകാര്യ സുരക്ഷാ ഏജൻസികൾ എന്നിവരുൾപ്പെടെ 550-ലധികം പേർ പങ്കെടുത്തു.
ഉദ്ഘാടന വേളയിൽ, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്) റീജിയണൽ ഹെഡ് അനിൽ കുമാർ, ബി.സി.എ.എസ് അസിസ്റ്റന്റ് ഡയറക്ടർ സഞ്ജയ് ശർമ എന്നിവർ യഥാക്രമം ഇംഗ്ലീഷിലും ഹിന്ദിയിലും വ്യോമയാന സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിയാലിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന വ്യോമയാന സുരക്ഷാ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് കൂട്ടനടത്തം (വാക്കത്തോൺ) എയർപോർട്ട് ഡയറക്ടർ മനു ജി. ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്തു. വാക്കത്തോണിന് ശേഷം സി.ഐ.എസ്.എഫ് ഏവിയേഷൻ സെക്യൂരിറ്റി ഗ്രൂപ്പ് (എ.എസ്.ജി) ഡോഗ് സ്ക്വാഡിന്റെ അഭ്യാസപ്രകടനങ്ങളും ഉണ്ടായിരുന്നു.
ബി.സി.എ.എസ്സും കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ സംരംഭം, ‘നോക്കുക, അറിയിക്കുക, സുരക്ഷിതരാവുക’ എന്ന ആശയമാണ് മുന്നോട്ട് വയ്ക്കുന്നത്. സമാധാനപരവും സുരക്ഷിതവുമായ വിമാനയാത്രാനുഭവത്തിന് ആവശ്യമായ അടിസ്ഥാനപരവും നിർണായകവുമായ പ്രവർത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്താൻ ലക്ഷ്യമിട്ടാണ് വ്യോമയാന സുരക്ഷാ വാരാചരണം സംഘടിപ്പിച്ചിരിക്കുന്നത്. സെമിനാറുകൾ, ഫ്ലാഷ് മോബുകൾ, സ്കൂൾ വിദ്യാർത്ഥികളുടെ വിമാനത്താവള സന്ദർശനം, ക്വിസ് – ഉപന്യാസ മത്സരങ്ങൾ എന്നിവയ്‌ക്കൊപ്പം വ്യോമയാന സുരക്ഷയുടെ പ്രാധാന്യം ശക്തിപ്പെടുത്തുന്നതിനും സുരക്ഷാ മേഖലയിൽ സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്തിട്ടുള്ള വിപുലമായ പരിപാടികളാണ് സിയാൽ ആസൂത്രണം ചെയ്തിരിക്കുന്നത്. ആഗസ്ത് 5 ന് സമാപനമാകും.
Comments (0 Comments)