മഹാജയന്തിയെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു.
ഭഗവാൻ ശ്രീനാരായണഗുരുദേവന്റെ 169 ാമത് തിരു:ജയന്തി ദിനത്തോടനുബന്ധിച്ച് അതിവിപുലമായ പരിപാടികളാണ് എസ് എൻ ഡി പി യോഗത്തിൻ്റെ യൂണിയനുകളുടേയും ശാഖാ യോഗങ്ങളുടേയും ലോകമെമ്പാടുമുള്ള വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്. . നാടിൻ്റെ മുക്കിലും മൂലയിലും പീത പതാകകളാൽ അലംകൃതമായിരിക്കുന്നു ‘. ഓരോ ടൗണുകളും ഫ്ലക്സ് ബോർഡുകളും കൊടി – തോരണങ്ങൾ കൊണ്ടും നിറഞ്ഞു കഴിഞ്ഞു. ഗുരുദേവ ക്ഷേത്രങ്ങളും മന്ദിരങ്ങളും ഗുരുദേവ സൂക്തങ്ങളാൽ മുഖരിതമായിരിക്കുന്നു. ഓരോ നഗരങ്ങളുടെയും ഗ്രാമഗ്രാന്തരങ്ങളുടെയും ഹൃദയ ഭൂമികളിൽ നടക്കുന്ന തിരു:ജയന്തിദിന മഹാഘോഷയാത്രകളിലും ക്ഷേത്ര ചടങ്ങുകളിലും പങ്കെടുക്കുവാനുള്ള ആവേശത്തിലാണ് ഓരോ ശ്രീനാരായണീയരും.
പ്രളയത്തിന്റെയും കൊറോണയുടെയും വറുതിയും നിയന്ത്രണങ്ങളും പൂർണ്ണമായി മാറിയതിനു ശേഷമുള്ള ഈ തിരു: ജയന്തി ദിനത്തോടനുബന്ധിച്ച് 31 ന് രാവിലെ മുതൽ പീത വർണ്ണങ്ങൾ നിറഞ്ഞ രാജവീഥികളിൽ ഗുരുദേവമന്ത്രണങ്ങളാൽ ഭക്തിയിലാറാടും. ചതയദിന ഘോഷയാത്രയ്ക്ക് താളമേള വാദ്യഘോഷങ്ങളും ഫ്ലോട്ടുകളും കൊട്ടക്കാവടി, ആട്ടക്കാവടി, പീലിക്കാവടി തുടങ്ങി വിവിധ കലാരൂപങ്ങളും കൊഴുപ്പേകും. പീതധാരികളാൽ നിറയുന്ന ഘോഷയാത്രയിൽ മഹാഗുരുവിന്റെ പുഞ്ചിരിതൂകുന്ന വിഗ്രഹങ്ങളും വഹിച്ചുകൊണ്ടുള്ള രഥം ഓരോ നാടിനും ആത്മീയമായ ഉണർവ്വേകും.
ഭഗവാൻ ശ്രീനാരായണ ഗുരുദേവന്റെ 169- മത് തിരുജയന്തിയോടനുബന്ധിച്ച് നടത്തുന്ന മഹാഘോഷയാത്രയെ വരവേൽക്കാൻ സമൂഹത്തിലെ നാനാജാതി മതസ്ഥരാണ് ഹൃദയവാതിൽ തുറന്നിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷങ്ങൾക്ക് കൊഴുപ്പേകുവാൻ യോഗം ജനറൽ സെക്രട്ടറി ശ്രീ.വെള്ളാപ്പള്ളി നടേശനും ഡോ.എം.എൻ.സോമനും ശ്രീ. തുഷാർ വെള്ളാപ്പള്ളിയും ശ്രീ. അരയാക്കണ്ടി സന്തേഷും ഉൾപ്പെടുന്ന യോഗനേതൃത്വവും എത്തുന്നു. കൂടാതെ വിവിധ കേന്ദ്ര-സംസ്ഥാന മന്ത്രിമാരും എം.പിമാരും എം എൽ എമാരും വിവിധ ഉദ്യോഗസ്ഥരും രാഷ്ട്രീയ- സാമൂഹിക- സാമുദായിക- ചലച്ചിത്ര രംഗത്തെ പ്രമുഖരും പ്രശക്തരും വിവിധ സ്ഥലങ്ങളിൽ പരിപാടികളിൽ പങ്കെടുക്കുന്നു. സംസ്ഥാനത്തൊട്ടാകെ ലക്ഷേപലക്ഷക്കണക്കിന് ആളുകൾ ആണ് ഈ മഹാസുദിന റാലികളിൽ നേരിട്ട് പങ്കെടുക്കുന്നത്. അക്ഷരാർത്ഥത്തിൽ ഏറ്റവും വലിയ ശക്തിപ്രകടനം തന്നെ ആയി മാറുകയാണ് ഈ തിരു:ജയന്തി ദിനം.
Comments (0 Comments)