ലോക ബ്ലൈന്‍ഡ് ഗെയിംസില്‍ കിരീടം സ്വന്തമാക്കിയ സാന്ദ്രാ ഡേവിസിന് കൊച്ചി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.
സാന്ദ്രാ ഡേവിസിന് കൊച്ചി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി
നെടുമ്പാശേരി
ബര്‍മിംഗ്ഹാമില്‍ നടന്ന ലോക ബ്ലൈന്‍ഡ് ഗെയിംസില്‍ കിരീടം സ്വന്തമാക്കിയ കാഴ്ചപരിമിതരുടെ ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമില്‍ അംഗമായ സാന്ദ്രാ ഡേവിസിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.
രാവിലെ 8.45ന് ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലെത്തിയ സാന്ദ്രയെ ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ് ഇന്‍ കേരള ഭാരവാഹികള്‍ സ്വീകരിച്ചു. സിഎബികെ ചെയര്‍മാന്‍ രജനീഷ് ഹെന്‍ട്രി, ട്രഷറര്‍ സന്തോഷ് പി, യുഎസ്ടി കൊച്ചി സിഎസ്ആര്‍ തലവന്‍ പ്രശാന്ത് സുബ്രഹ്‌മണ്യന്‍, സിഎബികെ എക്‌സിക്യൂട്ടീവ് അംഗം തോമസ് എബ്രഹാം, തൃശൂര്‍ അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. സാന്ദ്രയുടെ മാതാപിതാക്കളും സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
ഈ വിജയത്തെ തന്റെ ജീവിതത്തിലെ വലിയ അഭിമാനകരമായ നിമിഷമായാണ് കാണുന്നതെന്ന് സാന്ദ്രാ ഡേവിസ് പറഞ്ഞു. ഇംഗ്ലണ്ടില്‍ ഓസ്‌ട്രേലിയയുമായി ഫൈനലില്‍ കളിച്ച് ജയിക്കാനായത് മറക്കാനാവാത്ത അനുഭവമാണ്. നന്നായി കഠിനാധ്വാനം ചെയ്തിട്ടാണ് ടീം കളിക്കാന്‍ ഇറങ്ങിയത്. ജയിക്കുമെന്ന വിശ്വാസമുണ്ടായിരുന്നു. നല്ല തണുപ്പുള്ള കാലാവസ്ഥയായിരുന്നു. ഫൈനലില്‍ മഴ പെയ്തതിനാല്‍ കളി ചുരുക്കേണ്ടി വന്നതൊഴിച്ചാല്‍ ടൂര്‍ണമെന്റ് നല്ല പഠനാനുഭവമാണ് നല്‍കിയതെന്നും സാന്ദ്ര കൂട്ടിച്ചേര്‍ത്തു.
ഫൈനലില്‍ ഓസ്‌ട്രേലിയന്‍ വനിത ക്രിക്കറ്റ് ടീമിനെ 9 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഐ ബി എസ് എ വേള്‍ഡ് ഗെയിംസില്‍ ഇന്ത്യന്‍ വനിതാ ടീം കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ ഏപ്രിലില്‍ ആരംഭിച്ച കാഴ്ച പരിമിതരുടെ വനിതാ ക്രിക്കറ്റ് ടീം ഇതാദ്യമായാണ് ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ടീം രൂപീകരിച്ചതിന് ശേഷം നേപ്പാളിനെതിരെ കാഠ്മണ്ഡുവില്‍ നടന്ന പരമ്പരയിലാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ആദ്യമായി കളിച്ചത്. ലോക ബ്ലൈന്‍ഡ് ഗെയിംസില്‍ ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ സാന്ദ്ര ഡേവിസ് 2 ഓവറില്‍ 11 റണ്‍സ് വഴങ്ങി 1 വിക്കറ്റ് നേടി മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. തൃശൂര്‍ പൂക്കോട് സ്വദേശിയായ സാന്ദ്ര നിലവില്‍ ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ ബിഎഡ് വിദ്യാര്‍ത്ഥിയാണ്.
Comments (0 Comments)