ഒടുവിൽ UP യിലെ പ്രബല കക്ഷിയായ ആർഎൽഡിയും കോൺഗ്രസ്സ് SP സഖ്യം വിടുന്നു.

Spread the love

ലക്നൗ: യുപിയിൽ കോൺഗ്രസ്സിന്റെ തിരുനെറ്റിയിൽ അസാനത്തെ ആണിയുമടിച്ചുകൊണ്ട് ജാട്ടുകളുടെ പാർട്ടിയായ ആർഎൽഡിയും ഒടുവിൽ കോൺഗ്രസ്സ് സഖ്യം വിടുന്നു.

തങ്ങളുടെ പാർട്ടി എൻഡിഎയിൽ ചേരുന്നത് ഹരിയാനാ-യുപി മേഖലയിലെ കർഷകരുടെ ക്ഷേമത്തിനാണെന്നും താൻ വായ തുറന്നാൽ കർഷക സുഹൃത്തുക്കളായി നടിക്കുന്ന മഹാസഖ്യത്തിലെ പല ഉന്നതരുടെയും കിസാൻ ഇമേജ് തകരുമെന്നും ആർഎൽഡി മേധാവി ജയന്ത് ചൗധരി തുറന്നടിച്ചു.

ഗ്രാമങ്ങൾക്കും കർഷകർക്കുമുള്ള സമർപ്പണമായാണ് തന്റെ പാർട്ടി എൻഡിഎയിലേക്കു കടന്നുവരുന്നത്. മഹാസഖ്യം വിടുന്നതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസം നടത്തുമെന്നും ജയന്ത് ചൗധരി പറഞ്ഞു.

സ്വതന്ത്ര ഭാരതത്തെ തീറ്റിപ്പോറ്റാൻ ഏറ്റവും കൂടുതൽ അധ്വാനിച്ച കർഷകർക്ക് നീതി ലഭിച്ചില്ലെന്നും ഇന്നും ഉത്തരേന്ത്യൻ കർഷകർ ദുർബ്ബല വ്യവസ്ഥിതിയിലാണ് ജീവിക്കുന്നതെന്നും ആർഎൽഡി മേധാവി കുറ്റപ്പെടുത്തി.

യുപിയിലെ ജാട്ടുകളുടെ തലതൊട്ടപ്പനും കർഷക നേതാവും സോഷ്യലിസ്റ്റുമായിരുന്ന മുൻ പ്രധാനമന്ത്രി ചൗധരി ചരൺസിംഗിന്റെ കൊച്ചുമകനും മുൻ കേന്ദ്രമന്ത്രിയും ലോക്ദൾ അധ്യക്ഷനുമായിരുന്ന അജിത് സിംഗിന്റെ പുത്രനും നിലവിൽ എംപി യുമാണ് ആർഎൽഡി അധ്യക്ഷൻ ജയന്ത് ചൗധരി.

കർഷകരുടെ വിഷയങ്ങൾ പഠിക്കാനും പരിഹരിക്കാനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഒരു പാർട്ടിക്കുമില്ലായിരുന്നു. താൻ വായ തുറക്കുന്ന ദിവസം പല നേതാക്കളുടെയും കർഷക സൗഹൃദത്തിൻ്റെ മുഖംമൂടി അഴിഞ്ഞുവീഴുമെന്നു ജയന്ത് ചൗധരി പറഞ്ഞു.

സ്വാതന്ത്ര്യത്തിനു ശേഷം കർഷകരോട് ആരും ഒരു നീതിയും കാണിച്ചില്ല. ഉത്തരേന്ത്യൻ കർഷകർ അന്നും ഇന്നും പട്ടിണിയിലാണ് ജീവിക്കുന്നത്.

കർഷകരെ സഹായിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി വലിയ പാർട്ടികൾ ഒന്നും കാണിച്ചില്ലെന്ന് ജയന്ത് ചൗധരി കുറ്റപ്പെടുത്തി.

കർഷകരുടെ ക്ഷേമത്തിനായി മാത്രമാണ് എൻഡിഎയിൽ ചേരാൻ തീരുമാനിച്ചതെന്നു ജയന്ത് പറഞ്ഞു. കർഷകർ അഭിവൃദ്ധി പ്രാപിച്ചില്ലെങ്കിൽ രാജ്യം വികസിക്കില്ലെന്ന് ചൗധരി ചരൺസിംഗ് വളരെ മുമ്പേ പറഞ്ഞിട്ടുണ്ട്.

ഗ്രാമങ്ങൾക്കും കർഷകർക്കും മുൻ സർക്കാരുകൾ ഒരു ഗുണവും ചെയ്തില്ല. ഒരു മാറ്റത്തിനു വേണ്ടിയാണ് ഞങ്ങൾ എൻഡിഎയ്‌ക്കൊപ്പം വരുന്നത്.

ആ മാറ്റം ഇനി ഗ്രാമങ്ങളിലും വയലുകളിലും കർഷകരിലും അവരുടെ തൊഴുത്തുകളിലും ദൃശ്യമാകും.

തങ്ങളുടെ ഓരോ ചുവടും ഗ്രാമങ്ങളുടെയും കർഷകരുടെയും ദരിദ്രരുടെയും തൊഴിലാളികളുടെയും ഉന്നമനത്തിനായി സമർപ്പിക്കുകയാണെന്ന് ജയന്ത് ചൗധരി പറഞ്ഞു.

കോൺഗ്രസിനും എസ്പിക്കും ആം ആദ്മി പാർട്ടിക്കും വയലുകളും തൊഴുത്തുകളും കർഷകരുമായി ഒരു ബന്ധവുമില്ലെന്ന് ജയന്ത് ചൗധരി കളിയാക്കി.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *