ഇന്ത്യയിലെ ഓൺലൈൻ മാധ്യമങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഓൺലൈൻ മീഡിയ പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വ സംഗമം ശനിയാഴ്ച രാവിലെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്നു.ഒ.എം.പി.സിയുടെ നേതൃത്വ സംഗമം എൽ ഡി എഫ് കൺവീനർ ഇ.പി ജയരാജൻ ഉദ്‌ഘാടനം ചെയ്തു.

Spread the love

ഡിജിറ്റൽ യുഗത്തിൽ മാധ്യമരംഗത്ത് ഓൺലൈൻ മീഡിയക്ക് സ്വീകാര്യത നേടിയെടുക്കാൻ കഴിഞ്ഞുവെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. പൊതുസമൂഹം ഓൺലൈൻ മാധ്യമങ്ങളെ വാർത്തകൾക്കും വിവരശേഖരണത്തിനും കൂടുതലായി ആശ്രയിക്കുന്ന കാലമാണെന്നും ഇ പി ജയരാജൻ പറഞ്ഞു. സാങ്കേതിക രംഗത്തെ വളർച്ചക്കൊപ്പം മനുഷ്യന്റെ സാംസ്കാരികവളർച്ചയും ഉറപ്പാക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അധാർമ്മികതക്കും അസമത്ത്വത്തിനും അന്ധവിശ്വാസങ്ങൾക്കുമെതിരായ പോരാട്ടത്തിൽ പ്രധാനമായ പങ്കുവഹിയ്ക്കാൻ ഓൺലൈൻ മീഡിയക്ക് കഴിയും. എല്ലാ സമരങ്ങളും പ്രോത്സാഹിപ്പിക്കപ്പെടേണ്ടവയല്ല. അത് തിരിച്ചറിഞ്ഞു പ്രവർത്തിക്കാനുള്ള ആർജ്ജവം മാധ്യമങ്ങൾ കാണിക്കണം.
ചടങ്ങിൽ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായി. ശരിയായ വാർത്തകൾ വേഗത്തിൽ എത്തിക്കുന്നതിൽ ഓൺലൈൻ മാധ്യമങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്തമാണുള്ളതെന്നു അദ്ദേഹം പറഞ്ഞു. വിശ്വാസ്യതയാണ് പ്രധാനം. അത് നഷ്ടപ്പെട്ടാൽ ഒരു മാധ്യമത്തിനും നിലനിൽപ്പില്ല. ദൃശ്യ മാധ്യമത്തെയും അച്ചടി മാധ്യമത്തെയും പോലെ തന്നെ വളരെ പ്രാധാന്യമുണ്ട് ഓൺലൈൻ മാധ്യമത്തിനും.

ഒ.എം.പി.സിയുടെ ലോഗോ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. ചടങ്ങിൽ ഒ.എം.പി.സിയുടെ ദേശിയ ചെയർമാൻ ഡോ.ടി.വിനയ കുമാർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തുടർന്ന് ഒ.എം.പി.സിയുടെ തെരഞ്ഞെടുത്ത പുതിയ ജില്ലാ ഭാരവാഹികൾക്ക് ഐഡന്റിറ്റി കാർഡ് വിതരണവും നടത്തി.ജില്ലാ ഭാരവാഹികളായ വൃന്ദ വി നായർ, കാർത്തിക വൈഗ, സാജു തറനിലം, ജബ്ബാർ വാത്തേലി, ജഗൻ ജി ഈഴവൻ, ബിജോയ്‌ ആന്റു സ്രാമ്പിക്കൽ, റഷീദ് മല്ലശ്ശേരി, അജയകുമാർ. പി. നിയമജാലകം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ഒ.എം.പി.സിയുടെ ദേശീയ പ്രസിഡന്റ് കെ.വി ഷാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ നാഷണൽ ജനറൽ സെക്രട്ടറി ടി.ആർ ദേവൻ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സിബി തോമസ് പ്രമേയം അവതരിപ്പിച്ചു.കേരളത്തിലെ മുഴുവൻ ഓൺലൈൻ മാധ്യമപ്രവർത്തകരെയും പിആർഡി ലിസ്റ്റിൽ ഉൾപ്പെടുത്തുക,കേരളസർക്കാർ മറ്റു മാധ്യമപ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കും നൽകി വരുന്ന എല്ലാ ആനുകൂല്യങ്ങളും ഓൺലൈൻ മാധ്യമപ്രവർത്തകർക്കും അനുവദിച്ചു നൽകുക,ഓൺലൈൻ മാധ്യമപ്രവർത്തകരുടെ ക്ഷേമത്തിനായി പ്രത്യേകം ക്ഷേമനിധി ബോർഡ് രൂപീകരിക്കുക, ഇന്ത്യൻ ഭരണഘടന ഓരോ പൗരനും നൽകിവരുന്ന അഭിപ്രായ സ്വതന്ത്ര്യം ഹനിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രമേയത്തിൽ അവതരിപ്പിച്ചത്.
നാഷണൽ വൈസ് പ്രസിഡന്റ് ആർ.സൂര്യ ദേവ്,നാഷണൽ സെക്രട്ടറിമാരായ അജിത ജയ്‌ഷോർ, എന്നിവർ ചടങ്ങിൽ ആശംസ അർപ്പിച്ച് സംസാരിച്ചു. സംസ്ഥാന കൗൺസിൽ അംഗം സുനിൽ ഞാറക്കൽ ചടങ്ങിൽ നന്ദി പറഞ്ഞു. സെക്രട്ടറി സുബീഷ് ലാൽ, സംസ്ഥാന ഭാരവാഹികളായ രഞ്ജിത്ത് മേനോൻ, ഇ.എസ് ഷാജേന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് നടന്ന സംസ്ഥാന കൌൺസിൽ രൂപീകരണ യോഗത്തിൽ വിവിധ ജില്ലകളിൽനിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *